പ്രൊട്ടസ്റ്റന്റ് സഭകൾ
പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യക്രിസ്തീയതയിൽ ഉണ്ടായ നവീകരണത്തിന്റെ പാരമ്പര്യം പിൻപറ്റുന്നതായി അവകാശപ്പെടുന്ന ക്രിസ്തുമതവിഭാഗങ്ങളാണ് പ്രൊട്ടസ്റ്റന്റ് സഭകൾ. വിശ്വാസത്തിലൂടെ മാത്രമുള്ള നീതീകരണം, എല്ലാ വിശ്വാസികളുടേയും പൗരോഹിത്യം, സത്യവെളിപാടിന്റെ ഏകമാത്രസ്രോതസ്സെന്ന ബൈബിളിന്റെ സ്ഥാനം എന്നീ നവീകരണസിദ്ധാന്തങ്ങൾ അംഗീകരിക്കുകയും, റോമിലെ മാർപ്പാപ്പാ ആഗോളക്രിസ്തീയതയുടെ മേൽ അവകാശപ്പെടുന്ന പരമാധികാരത്തെ തിരസ്കരിക്കുകയും ചെയ്യുന്ന സഭകളെന്ന് ഇവയെ പൊതുവായി നിർവചിക്കാം. കുറേക്കൂടെ അയവുള്ള അർത്ഥത്തിൽ, കത്തോലിക്കാ, ഓർത്തഡോക്സ് ക്രിസ്തീയതകൾക്കു പുറത്തുള്ള ക്രിസ്തുമതവിഭാഗങ്ങളായും അവയെ കാണാം.
ഈ സഭകളെ പ്രചോദിപ്പിക്കുന്ന നവീകരണാശയങ്ങളുടെ ആദ്യത്തെ സമഗ്രാവതരണമായി കരുതപ്പെടുന്നത്, നിത്യരക്ഷ (salvatiion), നീതീകരണം (Justification), സഭാഘടന (Ecclesiology) എന്നിവയെ സംബന്ധിച്ച മദ്ധ്യകാലസിദ്ധാന്തങ്ങളോടും നടപ്പുകളോടുമുള്ള പ്രതിക്ഷേധമായി മാർട്ടിൻ ലൂഥർ 1517-ൽ മുന്നോട്ടുവച്ച വിഖ്യാതമായ "95 വാദമുഖങ്ങൾ" (95 Theses) ആണ്. നിലവിലുള്ള 33,000-ത്തോളും പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങൾക്കിടയിൽ സിദ്ധാന്തപരമായ വൈവിദ്ധ്യം ഏറെയുണ്ടെങ്കിലും, അവയെല്ലാം തന്നെ വിശ്വാസം വഴി മാത്രം ലഭിക്കുന്ന ദൈവകൃപമൂലമുള്ള നീതീകരണം (സോളാ ഗ്രാസിയ - സൊളാ ഫിദെ), എല്ലാ വിശ്വാസികളുടേയും പൗരോഹിത്യം, വിശ്വാസത്തിന്റേയും സന്മാർഗ്ഗത്തിന്റേയും ഏകമാത്രസ്രോതസ്സെന്ന ബൈബിളിന്റെ സ്ഥാനം (സോളാ സ്ക്രിപ്തുറാ) എന്നീ നിലപാടുകൾ പങ്കിടുന്നവരാണ്.
ലൂഥറെ പിന്തുടർന്ന് പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിലും സ്കാന്റിനേവിയൻ രാഷ്ട്രങ്ങളിലും സുവിശേഷാധിഷ്ഠിത ലൂഥറൻ സഭകൾ (Evangelical Lutheran Churches) നിലവിൽ വന്നു. സ്വിറ്റ്സർലാന്റ്, ഹങ്കറി, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ നവീകരണസഭകൾക്ക് ജോൺ കാൽവിൻ, ഉൾറിക്ക് സ്വിംഗ്ലി, ജോൺ നോക്സ് എന്നീ നവീകർത്താക്കൾ പ്രചോദകരായി. 1534-ൽ മാർപ്പാപ്പയോടുള്ള വഴക്കം തള്ളിപ്പറഞ്ഞ ഇംഗ്ലീഷ് ക്രിസ്തീയത, പിൽക്കാലത്ത്, പ്രത്യേകിച്ച് പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത്, നവീകരണസിദ്ധാന്തങ്ങൾ വലിയൊരളവോളം സ്വാംശീകരിച്ചു. ഇവയ്ക്കു പുറമേ യൂറോപ്യൻ ഭൂഖണ്ഡത്തിൽ പലയിടങ്ങളിലും അനബാപ്റ്റിസ്റ്റുകൾ, മൊറേവിയന്മാർ തുടങ്ങിയ സമൂലപരിവർത്തവാദികളുടെ (Radical Reformers) സഭകളും ഭക്തിവാദപ്രസ്ഥാനങ്ങളും (Pietistic Movements) നിലവിൽ വന്നു.