Jump to content

ഓസ്കാർ വൈൽഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓസ്കാർ വൈൽഡ്
ജനനംഒക്ടോബർ 16, 1854
അയർലാന്റിന്റെ കൊടി ഡബ്ലിൻ, അയർലാന്റ്
മരണംനവംബർ 30, 1900, പ്രായം 46
ഫ്രാൻസ് പാരീസ്, ഫ്രാൻസ്
തൊഴിൽനാടകകൃത്ത്, നോവലിസ്റ്റ്, കവി
ദേശീയതഐറിഷ്

ഓസ്കാർ ഫിൻ‌ഗൽ ഒ ഫ്ലഹെർട്ടി വിൽസ് വൈൽഡ് (ഒക്ടോബർ 16, 1854നവംബർ 30, 1900) ഒരു ഐറിഷ് നോവലിസ്റ്റും, കവിയും, ചെറുകഥാകൃത്തും വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ നാടകകൃത്തുകളിൽ ഒരാളും ആയിരുന്നു[1],[2]. മൂർച്ചയേറിയ ഹാസ്യത്തിന്റെ ഉടമയായിരുന്നു ഓസ്കാർ വൈൽഡ് [3],[4]. ഓസ്കാർ വൈൽഡ് ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു. ഇത് വിക്ടോറിയൻ കാലഘട്ടത്തിൻറെ സദാചാരബോധങ്ങൾക്കും മൂല്യങ്ങൾക്കും നിരക്കാത്തതിനാൽ ഓസ്കാർ വൈൽഡ് രണ്ടു വർഷത്തോളം കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. [5]ജയിൽവാസം വൈൽഡ് 46-ആം വയസ്സിൽ മരിച്ചുപോവുന്നതിന് കാരണമായി എന്ന് വിശ്വസിക്കപ്പെടുന്നു.

വൈൽഡിൻറെ അപകീർത്തികേസും ജയിൽശിക്ഷയും പത്നി കോൺസ്റ്റൻസ് വൈൽഡിൻറേയും മക്കളുടേയും ജീവിതം ഏറെ ദുഷ്കരമാക്കി. അതിനാൽ വൈൽഡ് എന്ന കുടുംബപ്പേര് ഉപേക്ഷിച്ച് ഹോളൻഡ് എന്ന പേർ സ്വീകരിച്ച് അവർ സ്വിറ്റ്സർലൻഡിൽ താമസമാക്കി.[6]. പില്കാലത്ത് ഓസ്കാർ വൈൽഡും സെബാസ്റ്റ്യൻ മെൽമോത് എന്ന അപരനാമം സ്വീകരിച്ചു[7].

ജീവിതരേഖ

[തിരുത്തുക]

ജനനം, വിദ്യാഭ്യാസം

[തിരുത്തുക]

പ്രശസ്തനായ നേത്രചികിത്സാവിദ്ഗധൻ വില്യം വൈൽഡിൻറേയും, സ്പെരാൻസാ(Speranza) എന്ന അപരനാമത്തിൽ കവിതകളെഴുതിയിരുന്ന ദേശിയവാദിയായ കവയിത്രി, ജെയ്ൻ ഫ്രാൻസെസ്കാ ആഗ്നസ് വൈൽഡിൻറേയും രണ്ടാമത്തെ മകനായി 1854,ഒക്ടോബർ 16-ന് ഓസ്കാർ വൈൽഡ് ഡബ്ലിനിൽ ജനിച്ചു.[8],[9] പൊർടോറ റോയൽ സ്കൂളിലായിരുന്നു വിദ്യാഭ്യാസം ആരംഭിച്ചത്. ഹൈസ്കൂൾ പഠനം വിജയകരമായി പൂർത്തിയാക്കിയതോടെ ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു.

ഡബ്ളിനിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഭാഗികസ്കോളർഷിപ്പോടെ ഓസ്കാർ, ഓക്സ്ഫോർഡിലെ മാഗ്ദലിൻ കോളേജിലെത്തി. ‘കല കലയ്ക്കു വേണ്ടി’ എന്ന പ്രസ്ഥാനത്തിന്റെ പ്രചാരകനാവുന്നത് ഓക്സ്ഫോർഡിൽ വച്ചാണ്‌. ഗ്രീക് ക്ലാസിക് കൃതികളും, കവിതകളും വൈൽഡിന്റെ പഠനവിഷയങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇവ രണ്ടിലും വിശേഷബഹുമതികളോടെ 1879 -ൽ കോളെജ് വിദ്യാഭ്യാസം പൂർത്തിയാക്കി. സാഹിത്യരചന ഉപജീവനമാർഗമായിക്കണ്ട് ലണ്ടനിലെത്തി.

സാഹിത്യജീവിതം

[തിരുത്തുക]

വൈൽഡിൻറെ സാഹിത്യ ജീവിതം ഹ്രസ്വമായിരുന്നു. 1880-ൽ എഴുതിയ വേരാ എന്ന ആദ്യ നാടകം ലണ്ടനിൽ അരങ്ങേറിയതേയില്ല. 1881-ൽ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചുവെങ്കിലും അതും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 1882 -ൽ അമേരിക്കയിൽ ഒരു പ്രഭാഷണ പരമ്പര നടത്താനുള്ള അവസരം ഒത്തുവന്നത് വൈൽഡിൻറെ സാമ്പത്തികനില മെച്ചപ്പെടുത്താൻ സഹായകമായി[10].

കോൺസ്റ്റൻസ് വൈൽഡും മൂത്ത പുത്രൻ സിറിലും. 1889-ലെ ചിത്രം

പിന്നീടെഴുതിയ ഹാപ്പി പ്രിൻസ് (1888), ലോർഡ് ആർതർ സാവിൽസ് ക്രൈം (1891), എ ഹൗസ് ഒഫ് പോമഗ്രനേറ്റ്സ് (1891) എന്നീ കഥാസമാഹാരങ്ങളും, 1891-ൽ തന്നെ ഇറങ്ങിയ ദി പിക്ചർ ഒഫ് ഡോറിയൻ ഗ്രേ എന്ന നോവലും അദ്ദേഹത്തെ പ്രശസ്തനാക്കി. ആ പ്രശസ്തിയുടെ സ്ഥിരീകരണമായിരുന്നു, പിന്നീട് ലണ്ടനിലെ നാടകശാലകളിൽ അവതരിപ്പിച്ച ലേഡി വിന്റർമേഴ്സ് ഫാൻ, എ വുമൺ ഓഫ് നോ ഇമ്പോർട്ടൻസ്, ഏൻ ഐഡിയൽ ഹസ്ബൻഡ്, ദി ഇമ്പോർട്ടൻസ് ഒഫ് ബീയിങ്ങ് ഏണസ്റ്റ് എന്നീ നാടകങ്ങൾക്കു കിട്ടിയ അഭൂതപൂർവമായ സ്വീകരണം. ഏറ്റവും ഒടുവിലത്തെ കൃതി ദി ബല്ലാഡ് ഓഫ് റീഡിംഗ് ജെയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് വൈൽഡ് ജയിൽമുക്തനായ ശേഷം1898-ലാണ്.

ഓസ്കാർ വൈൽഡും ആൽഫ്രഡ് ഡഗ്ലസും, 1893-ലെ ചിത്രം

കലാസൃഷ്ടികളെ വിലയരുത്തേണ്ടത് അവയുടെ സൗന്ദര്യലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാവണമെന്നും അവയുടെ സദാചാരമൂല്യം കണ്ടത്താൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണെന്നും വൈൽഡ് അഭിപ്രായപ്പെട്ടു[11], [12].

സ്വകാര്യജീവിതം

[തിരുത്തുക]

വിവാഹം, കുടുംബം

[തിരുത്തുക]

1884-ൽ വൈൽഡ്, കോൺസ്റ്റൻസ് ലോയ്ഡിനെ വിവാഹം കഴിച്ചു. 1885-ൽ സിറിലും 1886-ൽ വിവിയനും പിറന്നു.

റോബർട്ട് ബാൽഡ്വിൻ റോസ്സ് - റോബി

[തിരുത്തുക]

പത്രപ്രവർത്തകനും സാഹിത്യനിരൂപകനുമായ റോബി റോസ്സ് 1888-ലാണ് വൈൽഡിനെ പരിചയപ്പെട്ടതെന്നും അന്നുമുതൽ അവർ കമിതാക്കളായെന്നും, പിന്നീട് വൈൽഡിന് ബോസിയോട് തോന്നിയ താത്പര്യം , റോബിക്കും ബോസിക്കുമിടയിൽ സ്പർധക്കു കാരണമായെന്നും പറയപ്പെടുന്നു[13],[14]. വൈൽഡിൻറെ ക്ലേശകരമായ ജെയിൽവാസകാലത്തും അവസാനനാളുകളിലും റോബി വൈൽഡിനു പിന്തുണ നല്കി[15]. വൈൽഡിൻറെ മരണശേഷം അദ്ദേഹത്തിൻറെ സാഹിത്യരചനകളുടെ പ്രസിദ്ധീകരണച്ചുമതല ഏറ്റെടുത്തത് റോബിയായിരുന്നു[16],[17].

ലോഡ് ആൽഫ്രഡ് ഡഗ്ലസ് - ബോസി

[തിരുത്തുക]
ക്വീൻസ്ബറി ഹോട്ടലിലേൽപിച്ച വിസിറ്റിംഗ് കാർഡ് : For Oscar Wilde posing somdomite എന്ന കുറിപ്പോടെ

1891 ജനവരിയിൽ, ബോസി എന്ന വിളിപ്പേരുള്ള ലോഡ് ആൽഫ്രഡ് ഡഗ്ളസിനെ കണ്ടുമുട്ടിയ വൈൽഡ് അദ്ദേഹവുമായി ഗാഢമായ പ്രണയത്തിലായി[18],[19]. അന്നത്തെ, അതായത് വിക്റ്റോറിയൻ കാലഘട്ടത്തിൻറെ സദാചാരമൂല്യങ്ങളനുസരിച്ച് ഈ ബന്ധം അവിഹിതവും അനാശാസ്യവുമായി വിലയിരുത്തപ്പെട്ടു. ഈ ബന്ധത്തിൻറെ തീവ്രത വൈൽഡ് ബോസ്സിക്കെഴുതിയ കത്തുകളിൽ പ്രകടമാണ്.[20] [21],[22]. ബോസ്സിയുടെ പിതാവ്, മാർക്വിസ് ഓഫ് ക്വീൻസ്ബറി, ഈ ബന്ധത്തിന് തികച്ചും എതിരായിരുന്നു. ഏതു വിധേനയും ഈ ബന്ധം തകർക്കാൻ ക്വീൻസ്ബറി ശ്രമിച്ചു[23]. വൈൽഡിനെക്കുറിച്ച് അശ്ളീലപരമായ കുറിപ്പെഴുതി തന്റെ വിസിറ്റിംഗ് കാർഡ് വൈൽഡ് താമസിച്ചിരുന്ന ഹോട്ടലിൽ ഏല്പിച്ചു[24],[25]. പരസ്യമായി തന്നെ അപമാനിച്ചതിന് പകരം ചോദിക്കാനായി 1895-ൽ വൈൽഡ്, ക്വീൻസ്ബറിക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്തു.

അപകീർത്തി കേസ്

[തിരുത്തുക]

ക്വീൻസ്ബറി അറസ്റ്റു ചെയ്യപ്പെട്ടു. കേസ് വിചാരണക്കെത്തി. ക്വീൻസ്ബറി തൻറെ നിലപാടിൽ ഉറച്ചു നിന്നു. വൈൽഡ് സ്വവർഗാനുരാഗിയാണെന്നതിന് തെളിവു ശേഖരിക്കാനായി ക്വീൻസ്ബറി ചാരന്മാരെ നിയോഗിച്ചു. വൈൽഡ് ലണ്ടനിലേയും പാരിസിലേയും ചുവന്ന തെരുവുകളും അധോലോകവും സന്ദർശിക്കുമായിരുന്നുവെന്നത് രഹസ്യമായിരുന്നില്ല[26]. വൈൽഡിനെതിരെ തെളിവുകൾ നിരത്താൻ ക്വീൻസ്ബറിക്ക് കഴിയുമെന്നും അതുണ്ടായാൽ ശിക്ഷ കടുത്തതാവുമെന്നും സുഹൃത്തുക്കൾ ഉപദേശിച്ചു. വൈൽഡ് ക്വീൻസ്ബറിക്കെതിരായ ആരോപണം പിൻവലിച്ചുവെങ്കിലും വൈൽഡിനെതിരായി കോടതി നടപടിയുണ്ടായി. കേസിൻറെ ചെലവു വഹിക്കാനും ക്വീൻസ്ബറിക്ക് നഷ്ടപരിഹാരം നല്കാനും കോടതി വിധിച്ചു. [27], [28].

ഓസ്കാർ വൈൽഡ് പ്രതിക്കൂട്ടിൽ. 1895-ലെ പത്രത്തിൽ നിന്ന്

വൈൽഡിനെതിരായി ക്വീൻസ്ബറി ഉയർത്തിയ വാദങ്ങളിൽ യാഥാർഥ്യമുണ്ടെന്ന് കണ്ടെത്തിയ കോടതി അത്യന്തം അസഭ്യമായ ചെയ്തികൾക്ക് ( gross indecent acts) വൈൽഡിനെ അറസ്റ്റു ചെയ്യാൻ ഉത്തരവിട്ടു[29]. ആദ്യ വിചാരണയിൽ ജൂറി തീരുമാനമാകാതെ പിരിഞ്ഞു. കേസ് വീണ്ടും വിചാരണക്കെടുത്തു. യൂറോപ്പിൽ അഭയം തേടാൻ ബോസി നിർബന്ധിതനായി[30]. വിചാരണകൾക്കിടയിൽ വൈൽഡ്, ബോസിക്കെഴുതിയ കത്തുകളും വൈൽഡിൻറെ പലേ കൃതികളും പ്രത്യേകിച്ച് പിക്ചർ ഓഫ് ഡോറിയൻ ഗ്രേ, ദി പോർട്രെയിറ്റ് ഓഫ് ഡബ്ല്യു.എച് എന്നിവയിൽ സ്വവർഗാനുരാഗത്തെ അനുകൂലിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്ന ഭാഗങ്ങൾ സർക്കാർ വക്കീൽ ചർച്ചക്കെടുത്തു. കൂടാതെ ആൽഫ്രഡ് ഡഗ്ലസിൻറെ രണ്ടു പ്രണയങ്ങൾ ( ടു ലവ്സ് ) എന്ന കവിതയും, പ്രത്യേകിച്ച് അതിലെ അവസാനത്തെ വരി പേരെടുത്തു പറയാനാവാത്ത പ്രണയം, കടുത്ത വിമർശനത്തിന് വിധേയമായി[31]. കലാരചനകളുടെ സൗന്ദര്യത്തെയാണ് വിലയിരുത്തേണ്ടതെന്നും അവയുടെ സദാചാരമൂല്യത്തിന് പ്രസക്തിയില്ലെന്നും വൈൽഡ് അഭിപ്രായപ്പെട്ടു[32]. താൻ നിരപരാധിയാണെന്ന് വൈൽഡ് വാദിച്ചുവെങ്കിലും ഫലമുണ്ടായില്ല. നിരവധി സാക്ഷികൾ വൈൽഡിനെതിരെ തെളിവു നല്കി[33]. 1895 മെ 25-ന് രണ്ടു വർഷത്തെ കഠിനതടവിന് കോടതി വൈൽഡിനെ ശിക്ഷിച്ചു[34].

തടവറയിൽ - അന്തേവാസി C.3.3

[തിരുത്തുക]

പെൻറൺവില്ലിലെ ജയിലിലും( 1895 മെ- ജൂലൈ) വാൻഡ്സ്വർത് ജയിലിലുമായി ( 1895ജൂലൈ -നവമ്പർ) തടവുകാലത്തിൻറെ ആദ്യഭാഗം വൈൽഡ് കഴിച്ചു കൂട്ടി. പിന്നീട് 1895 നവമ്പർ മുതൽ 1897 മെ 19-ന് ശിക്ഷ തീർന്ന് ജയിൽമുക്തനാകും വരെ റീഡിംഗിലെ ജയിലിലായിരുന്നു വൈൽഡ് പാർപ്പിക്കപ്പെട്ടത്. മൂന്നാം നിലയിലെ മൂന്നാമത്തെ അറയായിരുന്നു വൈൽഡിൻറേത്. അതു കൊണ്ടു തന്നെ C.3.3. എന്ന തൂലീകാനാമത്തിലാണ് ദി ബല്ലാഡ് ഓഫ് റീഡിംഗ് ജെയിൽ എന്ന തൻറെ അവസാനത്തെ രചന വൈൽഡ് പ്രസിദ്ധീകരിച്ചത്.

മെത്തയില്ലാത്ത മരക്കട്ടിലിലായിരുന്നു വൈൽഡിൻറെ ഉറക്കം. നിത്യേന ഒരു മണിക്കൂർ വ്യായാമം. വിശപ്പ് ഒരിക്കലും ശമിച്ചില്ല.

കോൺസ്റ്റൻസ്, വൈൽഡിനെ ജെയിലിൽ സന്ദർശിച്ചെങ്കിലും കുട്ടികളുടെ രക്ഷകർതൃത്വം തൻറേതു മാത്രമായിരിക്കണമെന്നും പിതാവെന്ന നിലക്കുള്ള സകലമാന അവകാശങ്ങളും വൈൽഡ് സ്വയമേവ പരിത്യജിക്കണമെന്നും ആവശ്യമുന്നയിച്ചു. വൈമനസ്യത്തോടെയാണെങ്കിലും വൈൽഡ് അതിനു സമ്മതിച്ചു[35].

ഡെ പ്രൊഫൺഡിസ് (അത്യഗാധങ്ങളിൽ നിന്ന്)

[തിരുത്തുക]

1897 ജനുവരിയിൽ, ആൽഫ്രഡ് ഡഗ്ലസിനായി വൈൽഡ് ഒരു നീണ്ട കത്തെഴുതാൻ ആരംഭിച്ചു. പ്രിയപ്പെട്ട ബോസിക്ക് എന്നാരംഭിക്കുന്ന ആ കത്തിൽ തൻറെ ഹൃദയവ്യഥ മുഴുവനും വൈൽഡ് വ്യക്തമാക്കി. ഈ കത്ത് വൈൽഡ് ഏല്പിച്ചത് തൻറെ അടുത്ത സുഹൃത്തായ റോബർട്ട് റോസ്സിനേയാണ്. കത്തിൻറെ പകർപ്പുകളുണ്ടാക്കി ഒരെണ്ണം തനിക്കു തരാനും മൂലകൃതി ഡഗ്ലസ്സിനയക്കാനുമാണ് വൈൽഡ് നിർദ്ദേശിച്ചത്[36]. എന്നാൽ ഡഗ്സസ് കത്തു നശിപ്പിച്ചു കളയുമെന്ന് ആശങ്കപ്പെട്ട റോസ്സ് മൂലകൃതി കൈവശം വെച്ച് പകർപ്പാണ് ഡഗ്ലസിനയച്ചു കൊടുത്തത് .[37] കത്ത് കൈപ്പറ്റിയതായി ഡഗ്ലസ് സമ്മതിച്ചതേയില്ല. ഡെ പ്രൊഫൺഡിസ് , ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്ന് എന്നർഥം വരുന്ന ശീർഷകത്തോടെ 1905-ൽ റോസ് ഈ കത്തിൻറെ ചുരുക്കരൂപം, ആർക്കാണ് എഴുതിയതെന്ന വിവരം മറച്ചു വെച്ച്, ഓസ്കാർ വൈൽഡിൻറെ പേരിൽത്തന്നെ പ്രസിദ്ധീകരിച്ചു[38]. ഏതാണ്ട് ആറു പതിറ്റാണ്ടുകൾക്കുശേഷമാണ് കത്തിൻറെ പൂർണരൂപം പ്രസിദ്ധീകരിക്കപ്പെട്ടത്. [39].

അവസാന നാളുകൾ

[തിരുത്തുക]

1897 മെ 19-ന് ജയിൽമുക്തനായ ഉടൻ വൈൽഡ് ഫ്രാൻസിലേക്കു താമസം മാറ്റി. ഫ്രാൻസിൻറെ വടക്കുഭാഗത്ത്. ഇംഗ്ലീഷ് ചാനലിൻറെ തെക്കൻ തീരത്ത് ബെർണിവൽ ലൂഗ്രാ എന്ന കൊച്ചു ഗ്രാമത്തിൽ സെബാസ്റ്റ്യൻ മെൽമോത് എന്ന അപരനാമത്തോടെ വൈൽഡ് അജ്ഞാതവാസം ആരംഭിച്ചു[7]. കുട്ടികളെ കാണാൻ വൈൽഡ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കോൺസ്റ്റൻസ് എതിർത്തു[40]. വൈൽഡിൻറെ ആരോഗ്യം മോശപ്പെട്ടിരുന്നു. ആൽഫ്രഡ് ഡഗ്ലസുമായി വീണ്ടും സുഹൃദ്ബന്ധം പുതുക്കാൻ ശ്രമിച്ചെങ്കിലും ഇരു കൂട്ടരുടേയും വീട്ടുകാരുടെ കടുത്ത എതിർപു മൂലം ഇതു സാധ്യമായില്ല.

1898 ഏപ്രിൽ ഏഴിന് കോൺസ്റ്റൻസ് അന്തരിച്ചു[41].

ദി ബല്ലാഡ് ഓഫ് റീഡിംഗ് ജെയിൽ

[തിരുത്തുക]

റീഡിംഗ് ജെയിലിലെ നിർദ്ദയവും ക്രൂരവുമായ സ്ഥിതിഗതികളെ ആസ്പദമാക്കി വൈൽഡ് രചിച്ച അവസാനത്തെ കാവ്യമാണ് ദി ബല്ലാഡ് ഓഫ് റീഡിംഗ് ജെയിൽ[42],[43]. 1898 ഫെബ്രുവരിയിൽ ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ രചയിതാവിൻറെ പേര് C.3.3. എന്നായിരുന്നു. റീഡിംഗ് ജയിലിലെ മൂന്നാം നിലയിൽ മൂന്നാമത്തെ അറയിലെ അന്തേവാസിയായിരുന്നു താൻ എന്നനുസ്മരിക്കും വിധം. ഒന്നാം പതിപ്പ് എണ്ണൂറു കോപ്പികൾ വിറ്റതായി പറയപ്പെടുന്നു. 1899-ൽ ഏഴാം പതിപ്പു മുതലാണ് C.3.3. എന്നതിനു മുകളിലായി ഓസ്കാർ വൈൽഡ് എന്ന പേരും വെളിച്ചം കണ്ടത്[44] .

അന്ത്യം

[തിരുത്തുക]

അവസാനനാളുകളിൽ വൈൽഡ് താമസിച്ചത് പാരിസ് നഗരപ്രാന്തത്തിലെ ഒരു കൊച്ചു ഹോട്ടലിലാണ്[45]. 1900 നവമ്പർ മുപ്പതിന് മസ്തിഷ്കജ്വരം ബാധിച്ച് മരണമടഞ്ഞു. ആദ്യം പാരിസിനു പുറത്തുള്ള ഒരു സെമിത്തെരിയിലാണ് അടക്കിയത്. പിന്നീട്, റോബർട്ട് റോസ്സ് നഗരത്തിനകത്തെ സെമിത്തെരിയിൽ രണ്ട് അറകളുള്ള ശവമാടം പണികഴിപ്പിച്ചു. ഒന്നിൽ വൈൽഡിൻറെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്യപ്പെട്ടു. മറ്റേതിൽ തന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്യണമെന്ന് റോസ്സ് നിർദ്ദേശിച്ചു.[46]

"പേരെടുത്തു പറയാനാവാത്ത പ്രണയം"

[തിരുത്തുക]

വൈൽഡിൻറെ ലൈംഗികച്ചായ്വുകൾ രഹസ്യമായിരുന്നില്ലെന്നും പലരും അതേപ്പറ്റി അടക്കം പറഞ്ഞിരുന്നുവെന്നും ഗിഡ് അഭിപ്രായപ്പെടുന്നു.[47] യുവാക്കളെ ഇത്തരം ചെയ്തികൾക്ക് പ്രേരിപ്പിച്ചെന്നും ഉപയോഗപ്പെടുത്തിയെന്നുമായിരുന്നു വൈൽഡിനും സുഹൃത്ത് ടെയിലർക്കും എതിരായ ആരോപണം. 1885-ലെ ക്രിമിനൽ ശിക്ഷാ നിയമപ്രകാരം ഇത് അത്യന്തം അസഭ്യവും ശിക്ഷാർഹവുമായിരുന്നു[48],[49]. വൈൽഡിൻറെ ഡോറിയൻ ഗ്രേ, ദി പോർട്രെയ്റ്റ് ഓഫ് ഡബ്യു.എച് എന്നിവ കൂടാതെ ആൽഫ്രഡ് ഡഗ്ലസിൻറെ ടു ലവ്സ് എന്ന കവിതയും കേസു വിസ്താരത്തിനിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു, പ്രത്യേകിച്ച് കവിതയിലെ അവസാനത്തെ വരി ദി ലവ് ദാറ്റ് ഡെയർ നോട്ട് സ്പീക് ഇറ്റ്സ് നെയിം (The Love that dare not speak its name) എന്നത്[31]. മുതിർന്ന പുരുഷന് ഇളംപ്രായക്കാരനോടു തോന്നുന്ന അഗാധവും ആധ്യാത്മികവുമായ വാത്സല്യമാണതെന്ന് വൈൽഡ് കോടതിയിൽ പ്രസ്താവിച്ചു[50].

അതിനുശേഷം ദി ലവ് ദാറ്റ് ഡെയർ നോട്ട് സ്പീക് ഇറ്റ്സ് നെയിം എന്ന വിശേഷണത്തിൻറെ വിവക്ഷ സ്വവർഗാനുരാഗമെന്നായി.[51]. ഇതേ ശീർഷകത്തിൽ എച്.എം ഹൈഡ് എഴുതിയ പുസ്തകം ബ്രിട്ടനിൽ നിലനിന്നിരുന്ന പുരുഷസ്വവർഗലൈംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്താണ്.[52]

2017-ൽ അലൻ ടൂറിംഗ് നിയമം എന്ന് പൊതുവായി അറിയപ്പെടുന്ന ബ്രിട്ടീഷ് നിയമം പൊലീസിംഗ് അൻഡ് ക്രൈം ആക്റ്റ് 2017 അനുസരിച്ച് ഓസ്കാർ വൈൽഡിനും മറ്റനേകം സ്വവർഗാനുരാഗികൾക്കും മാപ്പു നല്കപ്പെട്ടു. [53],[54]. ആധുനിക കംപ്യൂട്ടർ ശാസ്ത്രത്തിൻറെ പിതാവെന്ന അറിയപ്പെടുന്ന അലൻ ടൂറിംഗ് സ്വവർഗാനുരാഗിയായിരുന്നു,1952-ൽ അതിനായി ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു[55].

പ്രധാന കൃതികൾ

[തിരുത്തുക]
  • ദി ഹാപ്പി പ്രിൻസ് അൻഡ് അദർ ടെയ്ൽസ് (1888)
  • ദി പോർട്രെയ്റ്റ് ഓഫ് ഡബ്ള്യു. എച് (1889)
  • ലോർഡ് ആർതർ സാവിൽസ് ക്രൈം അൻഡ് അദർ സ്റ്റോറീസ് (1891)
  • ഹൗസ് ഒഫ് പോമിഗ്രനേറ്റ് (കഥകൾ) (1891)

നാടകങ്ങൾ

[തിരുത്തുക]
  • വേരാ (1880)
  • ദ ഡച്ചസ് ഓഫ് പദുവാ(1883)
  • ലേഡി വിന്റർമേർസ് ഫാൻ (1892-3)
  • ശലോമി (1891 ഫ്രഞ്ച് , 94 (ഇംഗ്ലീഷ്))
  • എ വുമൺ ഒഫ് നോ ഇമ്പോർട്ടൻസ് (1893)
  • ദി ഇമ്പോർട്ടൻസ് ഒഫ് ബീയിങ്ങ് ഏണസ്റ്റ് (1894)
  • ഏൻ ഐഡിയൽ ഹസ്ബൻഡ് (1895)
  • എഫ്ലോറെൻറൈൻ ട്രാജഡി (മരണാനന്തരം 1908-ൽ പ്രകാശനം)

അവലംബം

[തിരുത്തുക]
  1. Beckson, Karl. "Oscar Wilde, Biography, Books, Facts". britannica.com. Encyclopedia Britannica. Retrieved 2020-05-16.
  2. Gide, Andre; Blei, Franz; Juenesse, Ernest (1905). In Memoriam, Oscar Wilde. Greenwich Conn: The Literary Collection.
  3. Wilde, Oscar (2010). Nothing...Except My Genius: The Wit and Wisdom of Oscar Wilde. UK: Penguin Classics. ISBN 978-0141192680.
  4. Leach, Maria, ed. (2016). The Wicked Wit of Oscar Wilde. London, UK: Michael O'Mara (Reprint). ISBN 978-1782435426.
  5. H. Montgomery Hyde, The Love That Dared not Speak its Name; p.5
  6. Holland, Vyvyan (1999). Son of Oscar Wilde. New York: Publisher: Carroll & Graf. ISBN 978-0786707010.
  7. 7.0 7.1 The Letters of Oscar Wilde. New York: Harcourt,Brace & World INC. 1962. p. 566.
  8. Hyde, H Montgomery (1962). The Trials of Oscar Wilde. New York: Dover Publications. pp. 25-26.
  9. Complete Works of Oscar Wilde. Vyvyan Holland (Introduction). Glasgow: Harper Collins. 1994. p. 7.{{cite book}}: CS1 maint: others (link)
  10. Hyde, H. Montgomery (1962). The Trials of Oscar Wilde. New York: Dover Publications. pp. 42–45.
  11. Wilde, Oscar (1993). The Picture of Dorian Gray. Publisher: Dover Publications. pp. 1 (Preface). ISBN 978-0486278070.
  12. Mason, Stuart (1908). Oscar Wilde: Art and Morality. London: J. JACOBS, EDGWARE ROAD, W.
  13. Borland, Maureen (1990). Wilde's devoted friend: a life of Robert Ross. Lennard. ISBN 1-85291-085-2.
  14. Pearson, Hesketh (1919). The Life of Oscar Wilde. pp. 372–78.
  15. Pearson, Hesketh (1919). The Life of Oscar Wilde. pp. 353–371.
  16. Wilde, Oscar (1994). Complete Works of Oscar Wilde. Glasgow: HarperCollins. p. 5. ISBN 9876543210.
  17. "Rober Ross". venn.lib.cam.ac.uk. Retrieved 2020-05-14.
  18. Hyde, H Montgomery (1962). The Trials of Oscar Wilde. New York: Dover Publications. p. 48.
  19. Hart-Davis, Rupert, ed. (1962). The Letters of Oscar Wilde. New York: Harcourt,Brace & World. p. 281.
  20. "Four Letters of Oscar Wilde to Alfred Douglas". oscarwilde.org.uk. Retrieved 2020-04-27.
  21. Wilde, Oscar (1994). "Essays, Selected journalism, Lectures and Letters: "De Profundis"". Complete Works of Oscar Wilde. Harper Collins. pp. 980–1059.
  22. Hart-Davis, Rupert, ed. (1962). The Letters of Oscar Wilde. New York: Harcourt, Brace & World INC. pp. 326, 336, 362–3, 393, 396–398, 423–4.
  23. Hyde, H. Montgomery (1962). The Trials of Oscar Wilde. New York: Dover Publications. p. 62.
  24. Hyde, H. Montgomery (1962). The Trials of Oscar Wilde. New York: Dover Publications. pp. 76–78.
  25. Har-Davis, Rupert, ed. (1962). The Letters of Oscar Wilde. New York: Harcourt, Brace& World. pp. 384 (Letter to Robert Ross ).
  26. Hyde, H.Montgomery (1962). The Trials of Oscar Wilde. New York: Dover Publications. pp. 82–90.
  27. Hyde, H. Montgomery (1973). The Trials of Oscar Wilde (Unabridged edition). London: Dover Publications. ISBN 978-0486202167.
  28. Merkler, Benjamin (2010-01-02). "I Will Take Your Answer One Way or Another" The Oscar Wilde Trial Transcripts as Literary Artefacts" (PDF). Ruprecht-Karls-Universität Heidelberg. Retrieved 2020-04-27.
  29. Hyde, H. Montgomery (1962). The Trials of Oscar Wilde. New York: Dover Publications. pp. 323-327.
  30. Hart-Davis, Rupert, ed. (1962). The Letters of Oscar Wilde. New York: Harcourt, Brace & World. pp. 394 (footnote1).
  31. 31.0 31.1 Douglas, Alfred. "Two Loves". poets.org. Retrieved 2010-05-02.
  32. Hyde, H. Montgomery (1962). The Trials of Oscar Wilde. New York: Dover Publishers. pp. 150–273.
  33. Hyde, H. Montgomery (1962). The trials of Oscar Wilde. New York. pp. 170-200.{{cite book}}: CS1 maint: location missing publisher (link)
  34. The Letters of Oscar Wilde. New York: Harcourt,Brace & World. 1962. p. 389.
  35. Hart-davis, Rupert, ed. (1962). The Letters of Oscar Wilde. New York: Harcourt, Brace & World INC. pp. 515, 542.
  36. Hart-davis, Rupert, ed. (1962). The Letters of Oscar Wilde. New York: Harcourt, Brace & World INC. pp. 423 (footnote), 512. {{cite book}}: Cite has empty unknown parameter: |https://archive.org/details/in.ernet.dli.2015.225943/page/n3/mode/1up= (help)
  37. Wilde, Oscar (1966). The Complete Works of Oscar Wilde. Glasgow: HarperCollins. pp. 911–12. ISBN 9876543210.
  38. Wilde, Oscar (1905). De Profundis. New York: G.P. Putnam's Sons.
  39. Wilde, Oscar (1966). Complete Works of Oscar Wilde. Glasgow: HarperCollins. pp. 980–1059. ISBN 9876543210.
  40. Hart-davis, Rupert, ed. (1962). The Letters of Oscar Wilde. New York: Harcourt,Brace & World INC. p. 582.
  41. Hart-davis, Rupert, ed. (1962). The Letters of Oscar Wilde. New York: Harcourt, Brace & World INC. pp. 729-730.
  42. Wilde, Oscar (1910). The Ballad of Reading Gaol. New York: Duffield &Co.
  43. La Jeunesse, Ernest; Gide, Andre; Blei, Franz (1905). In Memoriam: Oscar Wilde. Greenwich, Conn.: The Literary Collection Press. pp. 58–64.
  44. Ellmann, Richard (1988). Oscar Wilde. New York: Vintage Books. pp. 526. ISBN 978-0-394-75984-5.
  45. La Jeunesse, Ernest; Gide, Andre; Blei, Franz (1905). In Memoriam. Greenwich,Conn: The Literary Collection Press. pp. 70–71.
  46. Brouwer, Marilyn (2015-08-05). "Oscar Wilde's Tomb at Pere-Lachaise Cemetery". Bonjour Paris. Retrieved 2020-05-07.
  47. Gide,, Andre; Blei, Franz; La Jeunesse, Ernest (1905). Pollard, Percival (ed.). In Memoriam: Oscar Wilde. Greenwich, Connecticut: The Literary Collection Press. pp. 43–44.{{cite book}}: CS1 maint: extra punctuation (link)
  48. Hyde, H. Montgomery (1962). The Trials of Oscar Wilde. New York: Dover Publications. p. 167.
  49. "The Criminal Law Amendment Act, 1885". bl.uk. The British Library. Archived from the original on 2021-10-19. Retrieved 2020-05-02.
  50. Hyde, H. Montgomery (1962). The Trials of Oscar Wilde. New York: Dover Publications. pp. 201.
  51. "The Phrase Finder". phrases.org.uk. Retrieved 2020-05-02.
  52. Hyde, H. Montgomery (1970). The Love that dared not speak itsName : A candid History of Homosexuality in Britain (First publication as "The Other Love" ed.). Boston: Little, Brown and Company.
  53. "Turing's Law: Oscar Wilde among 50,000 convicted gay men granted posthumous pardons". The Daily Telegraph. 2017-01-31. Retrieved 2020-05-02.
  54. "Alan Turing Law: Thousands of gay men pardoned". bbc.com. 2016-10-20. Retrieved 2020-05-04.
  55. Hodges, Andrew (2012). Alan Turing: The enigma. Priceon: Princeton University Press. pp. 471. ISBN 978-0-691-15564-7.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഓസ്കാർ വൈൽഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഓസ്കാർ_വൈൽഡ്&oldid=3988158" എന്ന താളിൽനിന്ന് ശേഖരിച്ചത്